തണ്ണിമത്തൻ കർഷകർക്കായി കർഷകർക്കായി കൃഷി വകുപ്പിന്റെ, കോട്ടയം, കോഴ പ്രാദേശിക കർഷക പരിശീലനകേന്ദ്രം (RATTC)തയ്യാറാക്കിയ powerpoint presentation. നേതൃത്വം നൽകിയത് ഡെപ്യൂട്ടി ഡയറക്ടർ: ശ്രീമതി. സൂസമ്മ
തണ്ണിമത്തൻ കൃഷി
ഏകദേശം 5000 വർഷം മുമ്പ് ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ കലഹാരി മരുഭൂമിയിലാണ് തണ്ണിമത്തൻറെ ഉത്ഭവം എന്നാണ് വിശ്വസിക്കപ്പെടുന്നത് .ഒരു ദഷാബ്ദം കൊണ്ട് ഈജിപ്തിൽ നിന്ന് ചൈനയിൽ തണ്ണിമത്തൻ കൃഷി എത്തിച്ചേരുകയും പിന്നീട് യൂറോപ്പിലേക്കും അമേരിക്കയിലേക്കും ഇതിന്റെ കൃഷി വ്യാപിക്കുകയുണ്ടായി . ചൈന , ടർക്കി ,ഇറാൻ അമേരിക്ക എന്നിവയാണ് തണ്ണിമത്തൻ കൃഷി ചെയ്യുന്ന പ്രധാന രാജ്യങ്ങൾ .ഇന്ത്യയിൽ വടക്കേന്ത്യൻ സംസ്ഥാനങ്ങളായ ഉത്തർപ്രദേശ് ,ഹിമാചൽ പ്രദേശ് ,പഞ്ചാബ് എന്നിവിടങ്ങളിൽ ധാരാളമായും ദക്ഷിണേന്ത്യയിൽ ആന്ധ്രാ പ്രദേശ് ,കർണാടകാ ,തമിഴ്‌നാട് എന്നി സംസ്ഥാനങ്ങളിലും തണ്ണിമത്തൻ കൃഷി വ്യാപകമായി കണ്ടുവരുന്നു .
കേരളത്തിൽ തുലാ മഴ കഴിഞ്ഞുള്ള മാസങ്ങളിൽ നെൽപാടങ്ങളിലും പുഴയോരങ്ങളിലും തണ്ണിമത്തൻ കൃഷി ചെയ്യാവുന്നതാണ് .96%ത്തോളം ജലാംശം അടങ്ങിയ തണ്ണിമത്തൻ പ്രകൃതി ദത്ത ദാഹ ശമനിയാണ് .ലൈക്കോപ്പിൻ (Lycopin ) എന്ന അന്‍റി ഓക്സിഡന്‍റുൾ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ക്യാൻസർ രോഗത്തെ ചെറുക്കുന്നതിനുള്ള കഴിവുണ്ട് .കൂടാതെ ഇതിന്‍റെ മറ്റ് വെള്ളരി വർഗ്ഗങ്ങളെ അപേക്ഷിച്ച് കൂടുതൽ ഇരുമ്പ് സത്തും പഞ്ചസാരയും അടങ്ങിയിരിക്കുന്നു മാത്രമല്ല പൊട്ടാസ്യം കോപ്പർ ,മാംഗനീസ് മുതലായ മൂലകങ്ങളും വൈറ്റമിൻ എ ബി സി തുടങ്ങിയ ജീവകങ്ങളും ചെറിയ തോതിൽ അടങ്ങിയിട്ടുണ്ട് .
കാലാവസ്ഥയും മണ്ണും
അന്തരീക്ഷത്തിൽ ഈർപ്പവും മഴയും കുറഞ്ഞ വരണ്ട കാലാവസ്ഥയാണ് തണ്ണിമത്തൻ കൃഷിക്ക് ഏറ്റവും അനുയോജ്യം .കേരളത്തിൽ തുലാ മഴ കിഴിഞ്ഞു നവംബർ പകുതിയോടെയോ ഡിസംബർ തുടക്കത്തിലോ ആണ് കൃഷി ആരംഭിക്കേണ്ടത് .താമസിച്ചു കൃഷി തുടങ്ങുന്നത് വേനൽ കാലത്തുള്ള വൈറസ് രോഗങ്ങൾ വർദ്ധിക്കാൻ ഇടയാകും . സൂര്യപ്രകാശം ധാരാളമായി ലഭിക്കുന്ന തുറസായ സ്ഥലം വേണം കൃഷിക്കായി തെരഞ്ഞെടുക്കേണ്ടത്. കായ്കൾ ഉണ്ടാകുന്ന സമയത്തുള്ള മഴ തണ്ണിമത്തന്‍റെഗുണവും മധുരവും കുറയാൻ ഇടയാക്കും.
നീർവാഴ്ചയുള്ള മണൽ കലർന്ന പശ്ചിമരാശി മണ്ണാണ് കൃഷിക്ക് അഭികാമ്യം .മണ്ണിലെ അംമ്ല -ക്ഷാര സൂചിക 6.5 നും 7 .0 നും ഇടയിൽ ആണ് ഏറ്റവും നല്ലതെങ്കിലും അമ്ലരസമുള്ള മണ്ണിലും തണ്ണിമത്തൻ നന്നായി വളരുന്നു .രാത്രി താപനില കുറഞ്ഞിരിക്കുന്നതും പകൽ താപനില കൂടി നില്കുന്നതുമായ കാലാവസ്ഥ തണ്ണിമത്തനിലെ പഞ്ചസാരയുടെ അളവിനെ വർധിപ്പിച്ചു മധുരം കൂട്ടാൻ സഹായിക്കുന്നു .
ഇനങ്ങൾ
കായ്കളുടെ വലിപ്പവും, നിറവും സ്വാദും അടിസ്ഥാനമാക്കി നിരവധി ഇനങ്ങൾ ഉണ്ട്. ഇതിൽ കേരളത്തിന് യോജിച്ച ഏതാനം ഇനങ്ങളുടെ പേരും അവയുടെ പ്രതേകതകളും ചുവടെ പ്രതിപാദിക്കുന്നു .
1 . ഷുഗർ ബേബി – കായ്കളുടെ തൊണ്ടിന് ഇരുണ്ട പച്ച നിറവും അകക്കാമ്പിന് കടും ചുവപ്പു നിറവും നല്ല മധുരവുമാണ്. 3 മുതൽ
4 മാസക്കാലം ദൈർഘ്യമുള്ള ഇതിന്‍റെ ഉല്പാദന ക്ഷമത ഏക്കറിന് 60 ടൺ ആണ്. ഇടത്തരം വലിപ്പമുള്ള കായ്കൾക്ക് 3 -6 കി .ഗ്രാം വരെ തൂക്കമുണ്ട് .കേരളത്തിലെ കാലാവസ്ഥക്ക് അനുയോജ്യമായ ഒരു ഇനമാണിത് .
2 .അർക്കാ മാനിക് – ഇളം പച്ച നിറത്തിലും കടും പച്ച നിറത്തിലും വരകളോട് കൂടിയ കായ്കൾ .6 കി .ഗ്രാം വരെ തൂക്കം ഉണ്ട് .ചൂർണ പൂപ്പ് ,മൃദുരോമപൂപ്പ് ,ആന്ത്രാക്‌നോസ് എന്നി രോഗങ്ങൾക്കെതിരെ പ്രതിരോധശേഷിയുണ്ട് .
3 . അർക്കാ ജ്യോതി – ഒരു ഹൈയ്ബ്രിഡ് ഇനമാണിത് .ഇളം പച്ചനിറത്തിലുള്ള വരകളോട് കൂടിയ കായ്കൾ.6 – 8 കി .ഗ്രാം വരെ തൂക്കമുണ്ട് .
നിലമൊരുക്കലും നടീലും
കളകൾ ചെത്തിമാറ്റി കിളച്ചു പരുവപ്പെടുത്തിയ സ്ഥലത്ത് 3 മീറ്റർ അകലത്തിൽ 2 മീറ്റർ ഇടവിട്ട് കുഴിയെടുക്കണം .ഏകദേശം 60 സെ. മി വ്യാസവും 45 സെമി ആഴവുമുള്ള കുഴികളാണ് എടുക്കേണ്ടത് .ജൈവവളവും മേൽമണ്ണും കൂട്ടിച്ചേർത്തിളക്കി കുഴിയുടെ മുക്കാൽ ഭാഗവും നിറയ്ക്കണം . ഒരു കുഴിയിൽ 4 -5 വിത്തുകൾ പാകി അവ മുളച്ചു വരുമ്പോൾ ആരോഗ്യമുള്ള 3 തൈകൾ മാത്രം നിർത്തി ബാക്കിയുള്ളവ പറിച്ചു കളയണം .
വള പ്രയോഗം
ഓരോ തടത്തിലും 100 വീതം കുമ്മായം ചേർക്കണം .കുമ്മായം ചേർത്ത് മേൽമണ്ണ് ഇളക്കിയതിന് ശേഷം ഒരാഴ്ച്ച കഴിഞ്ഞു ജൈവ വളം തടത്തിന് 15 കിലോഗ്രാം വീതം നൽകണം .ജൈവ വളമായി കാലി വളമോ കോഴികാഷ്ടമോ ,മണ്ണിര കമ്പോസ്റ്റോ മറ്റ് ജൈവ വളങ്ങളോ നൽകാവുന്നതാണ് .
രാസവളമായി തണ്ണിമത്തൻ കൃഷിയിൽ ഒരു തടത്തിന് 40 ഗ്രാം യൂറിയ , 50 ഗ്രാം ഫാക്ടംഫോസ് ,20 ഗ്രാം പൊട്ടാഷ് എന്നിവയാണ് ആവശ്യം .അതിൽ 50 ഗ്രാം ഫാക്ടംഫോസും 10 പൊട്ടാഷും അടിവളമായി നൽകുക .ഒരു മാസം കഴിഞ്ഞു വള്ളി വീശി തുടങ്ങുമ്പോൾ 40ഗ്രാം യൂറിയയും 10ഗ്രാം പൊട്ടാഷും മേൽ വളമായി നൽകണം .ചെടിയുടെ വളർച്ച കുറവാണെങ്കിൽ ഫിഷ് അമിനോ ആസിഡ് 4 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി ഇലകളിൽ തളിക്കുന്നത് ചെടിയുടെ വളർച്ചയെ പരിപോഷിക്കും.
കളയെടുപ്പ്
വിത്ത് പാകി 20-25 ദിവസം കഴിഞ്ഞു കള നീക്കം ചെയ്യണം .തുടർന്ന് ഒരു മാസത്തിനു ശേഷം തടത്തിൽ കിളിർക്കുന്ന കളകൾ നീക്കം ചെയ്യണം .
ജലസേചനം
ആദ്യകലങ്ങളിൽ 2 ദിവസത്തെ ഇടവേളകളിൽ നനയ്ക്കണം. കായപിടുത്തം തുടങ്ങുമ്പോൾ മണ്ണിൻറെ നനവനുസരിച്ചൂ ഒന്നിടവിട്ട ദിവസമോ ,2 ദിവസം ഇടവിട്ടോ നനയ്ക്കാവുന്നതാണ്.കായ്‌കൾ മൂപ്പെത്തി തുടങ്ങിയാൽ ജലസേചനം കുറച്ചു കൊണ്ടുവന്ന് പാടേ നിർത്താവുന്നതാണ് .കായ പാകമാകുന്ന സമയത്ത് മണ്ണിൽ ഈർപ്പം കൂടുന്നത് കായ പൊട്ടലിന് കാരണമാകുക മാത്രമല്ല ,മധുരം കുറയാനും ഇടയാക്കും .ജലസേചനം തടത്തിൽ മാത്രം പരിമിത പെടുത്തുന്നത് ഇലകളും തണ്ടുകളും നനയുന്നത് വഴി കുമിൾ രോഗങ്ങൾ ഉണ്ടാകുന്നത് തടയാൻ സാധിക്കും .
പുതയിടീൽ
തടം പുതയിട്ട് സൂക്ഷിക്കുന്നത് ഈർപ്പം നിലനിർത്താൻ സഹായിക്കുന്നു .തണ്ണിമത്തൻറെ വള്ളി പുതയിടുന്നതിനായി നിലത്ത് ഉണങ്ങിയ ചുള്ളി കമ്പുകളും വൈക്കോലും നിരത്താവുന്നതാണ് .കൃഷി ചെയ്യുമ്പോൾ മണലിന്‍റെ ചൂടേൽകാതിരിക്കാൻ യഥാസമയം പുതയിട്ട് കൊടുക്കേണ്ടത് അനിവാര്യമാണ്
സസ്യസംരക്ഷണം
1 .മത്തൻ വണ്ട്
തണ്ണിമത്തൻ മുളച്ചു വരുമ്പോൾ ആദ്യം വരുന്ന ബീജപത്രത്തെ ആക്രമിക്കുക വഴി ചെടിയുടെ വളർച്ച മുരടിക്കുകയും തൈ ചെടികൾ നശിക്കുകയും ചെയ്യുന്നു .
ആക്രമണം രൂക്ഷമാവുകയാണെകിൽ അസഫേറ്റ് 2 ഗ്രാം / ഫിപ്രോനിൽ 2 മില്ലി / പൊംഗാമിയാ വേപ്പെണ്ണ സോപ്പ് മിശ്രിതം 5 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ തളിക്കാവുന്നതാണ് .
2 . കായീച്ച
തണ്ണിമത്തനിൽ കായ്‌പിടുത്തം തുടങ്ങുമ്പോൾ അതിനെ ആക്രമിക്കുന്ന ഒരു കീടമാണ് കായീച്ച .ഈ കായീച്ചകൾ ഇളം കായ്കളിൽ മുട്ടയിടുകയും മുട്ട വിരിഞ്ഞിറങ്ങുന്ന പുഴുക്കൾ കായ്കൾ തിന്ന് നശിപ്പിക്കുകയും ചെയ്യുന്നു .കായീച്ച ആക്രമിച്ച കായ്കൾ നിലത്തിടാതെ നശിപ്പിച്ചു കളയണം.കായ്കൾ ചപ്പിട്ടു മൂടി വയ്ക്കുന്നതും ഫിറമോൺ കെണി 15 സെന്‍റിനു ഒന്ന് എന്ന കണക്കിന് വയ്ക്കുന്നതും കായീച്ചയിൽ നിന്നും കായ്കളെ സംരക്ഷിക്കുന്നു.ഒപ്പം പഴക്കെണി നാല് തടത്തിനു ഒന്ന് എന്ന കണക്കിന് വയ്ക്കുന്നത് കായീച്ചയെ തുരത്താൻ സഹായിക്കും
പഴക്കെണി തയ്യാറാക്കുന്ന വിധം
പാളയൻകോടൻ പഴം തൊലിയുരിയാതെ മൂന്നോ നാലോ കഷ്ണങ്ങളായി മുറിക്കുക. പഴത്തിന്‍റെ മുറിപ്പാടിൽ ഫിപ്രോനിൽ തരികൾ പിടിപ്പിക്കുക എന്നിട്ട് ഈ ഭാഗം മുകളിലാക്കി ഒരു ചിരട്ടയിൽ വച്ചു നിലത്ത് വയ്ക്കുക .3 -5 ദിവസത്തിലൊരിക്കൽ പഴക്കെണി മാറ്റിവയ്‌ക്കേണ്ടത് അനിവാര്യമാണ് .കൂടാതെ ഉപയോഗിച്ച ശേഷം സുരക്ഷിതമായി ഇതിനെ നീക്കം ചെയ്യേണ്ടതുമാണ്.
മുഞ്ഞ
ചെടിയുടെ വിവിധ വളർച്ചാ ഘട്ടങ്ങളിൽ ഇലകളിൽ നിന്നും നീരൂറ്റി കുടിക്കുക വഴി ഇലകൾ മുരടിക്കുന്നു .ക്രെമേണ ചെടി മൊത്തമായി മഞ്ഞളിക്കുകയും അതിൻ്റെ വളർച്ച മുരടിക്കുകയും ചെയ്യുന്നു.പൊംഗാമിയാ വേപ്പെണ്ണ സോപ്പ് മിശ്രിതം 5 ഗ്രാം/ ഇമിഡാക്ലോപ്രിഡ് 0.3 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ തളിക്കാവുന്നതാണ് .
രോഗങ്ങൾ
1 . പൗഡറി മിൽഡ്യൂ
ഇലകളിലും തണ്ടിലും പൌഡർ പൂശിയ പോലെ കാണുകയും ഇല വാടി കരിഞ്ഞു കൊഴിഞ്ഞു പോകുകയും കായ്‌ഫലം കുറയുകയും ആണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ.രോഗം ബാധിച്ച ഇലകളും തണ്ടിന്റെ ഭാഗങ്ങളും നീക്കം ചെയ്ത് നശിപ്പിക്കണം . ഡൈനോക്യാപ് (കരാത്തേൻ) 6 ഗ്രാം 10 ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ലയിപ്പിച്ചു തളിച്ചോ, സൾഫർ കലർന്ന കുമിൾ നാശിനി സൾഫക്സ് 2 ഗ്രാം 1 ലിറ്റർ വെള്ളത്തിൽ കലക്കി ഇലകളിൽ തളിച്ചോ ഈ രോഗത്തെ നിയന്ത്രിക്കാവുന്നതാണ്.
2.ഡൗണി മിൽഡ്യൂ(മൃദു രോമ പൂപ്പ് )
രോഗം ബാധിച്ച ഇലകളുടെ അടിഭാഗം അഴുകിയപോലെയും മുകൾഭാഗത്തു മഞ്ഞ നിറത്തിലുള്ള പാടുകളും കാണാം.രോഗം ബാധിച്ച ഇലകളും തണ്ടിന്റെ ഭാഗങ്ങളും നീക്കം ചെയ്ത് നശിപ്പിക്കണം .രോഗ നിയന്ത്രണത്തിനായി മാൻകോസെബ് 2 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഇലയുടെ രണ്ട് ഭാഗങ്ങളിലും വീഴത്തക്ക വിധം തളിക്കുക.
3.വാട്ട രോഗം (ഫ്യുസേറിയം വാട്ടം )
മണ്ണിൽ കൂടി വ്യാപിക്കുന്ന രോഗമാണിത്. ചെടികൾ പെട്ടന്ന് വാടുകയും ക്രമേണ മഞ്ഞളിക്കുകയും ചെയ്യുന്നു.മണ്ണുമായി ചേർന്നു നിൽക്കുന്ന ഭാഗത്തു നിറവ്യത്യാസം ഉണ്ടാകുകയും അഴുകുകയും ചെയ്യുന്നു.
രോഗം ബാധിച്ച ചെടികൾ നീക്കം ചെയ്ത ശേഷം കോപ്പർ ഹൈഡ്രോക്സൈഡ് (കോസൈഡ് ) 2 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിലോ/ കാർബൻഡാസിം (ബാവിസ്റ്റിൻ ) 1 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിലോ ചെടിയുടെ തടത്തിലും ചെടിയിലും 5 -6 ദിവസം ഇടവേളയിൽ തളിക്കണം.നടുന്നതിന് മുമ്പായി ട്രൈക്കോഡെർമ വംശവർധനവ് നടത്തി ജൈവ വളത്തോടൊപ്പം ചേർക്കുന്നത് രോഗം വരാതിരിക്കാൻ നല്ലതാണ്.
4 .ഇലപൊട്ടുരോഗം (അന്ത്രാക്‌നോസ് )
ഇലകളിലും തണ്ടിലും വൃത്താകൃതിയിലോ ആകൃതിയില്ലാതെയോ ആയ പാടുകൾ കാണപെടുന്നതാണ് രോഗലക്ഷണം.രൂക്ഷമായ ആക്രമണം കാണപ്പെടുന്ന ചെടികളിൽ ഇളം കായ്കളിലും രോഗലക്ഷണം കാണാം .
രോഗം വന്ന ഭാഗങ്ങൾ നീക്കം ചെയ്ത് നശിപ്പിക്കണം.മാൻകോസെബ് 2 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഒരാഴ്ച്ച ഇടവിട്ട് ഇലകളിലും തണ്ടുകളിലും തളിച്ച് രോഗനിയന്ത്രണം സാധ്യമാക്കാം
ഇടവിള കൃഷി
വാഴ നടുന്നതിനിടയിൽ തണ്ണിമത്തൻ കൃഷി ചെയ്യാവുന്നതാണ് .അതുപോലെ റബ്ബർ കൃഷിയുടെ ആദ്യത്തെ മൂന്ന് വര്ഷം ജല ലഭ്യത അനുസരിച്ചും തണ്ണിമത്തൻ കൃഷി ചെയ്യാവുന്നതാണ്.
വിളവെടുപ്പ്
വിത്തിട്ട് 35 -45 ദിവസത്തിൽ പെൺ പൂക്കൾ വിരിഞ്ഞു തുടങ്ങും .30 -40 ദിവസം പ്രായമായ കായ്കളാണ് പറിക്കുവാൻ പകമായത്.90 – 120 ദിവസമാണ് വിളയുടെ ശരാശരി ദൈർഖ്യം.കൃത്യ സമയത്തുള്ള വിളവെടുപ്പ് നല്ല ഗുണമേന്മയുള്ള കായ്കൾ ലഭിക്കാൻ സാധിക്കും .വിളവെടുക്കാറായ കായ്കളോട് ചേർന്നുള്ള വള്ളികൾ വാടി തുടങ്ങുന്നു മാത്രമല്ല,നിലത്തുതൊട്ടു കിടക്കുന്ന കായ്കളുടെ അടിഭാഗത്തെ വെള്ള നിറം ഇളം മഞ്ഞയായി മാറുകയും ചെയ്യും.കായ്കൾ കൈ കൊണ്ട് കൊട്ടുമ്പോൾ പോള്ളയായ ശബ്‌ദം കേൾക്കുകയാണെങ്കിൽ തണ്ണിമത്തൻ വിളവെടുക്കാൻ പാകമായി എന്ന് മനസിലാക്കാം .മൂപ്പെത്തി തുടങ്ങുമ്പോൾ നനക്കൽ നിർത്തണം.
വിത്ത് ശേഖരണം
നല്ലതുപോലെ വിളഞ്ഞു പഴുത്ത കായ്കളിൽ നിന്നാണ് വിളവെടുക്കേണ്ടത് .വിത്തും അതിനോട് ചേർന്ന മാംസ ഭാഗങ്ങളും വെള്ളത്തിൽ കലക്കി ഒരു ദിവസം വച്ചതിന് ശേഷം താഴെ അടിയുന്ന വിത്തുകൾ മാത്രം എടുക്കുക. ഈ വിത്തുകൾ നന്നായി കഴുകി ഉണക്കി ഒരു കിലോഗ്രാം വിത്തിനു കാർബൻഡാസിം (ബാവിസ്റ്റിൻ ) 2 ഗ്രാംഎന്ന തോതിൽ പുരട്ടി പോളിത്തീൻ കവറിൽ ഈർപ്പം ഉള്ളിൽ കടക്കാത്തവിധം സീൽ ചെയ്‌ത് റഫ്രിജറേറ്ററിൽ പച്ചകറികൾ സൂക്ഷിക്കുന്ന ട്രേയിൽ സൂക്ഷിക്കാവുന്നതാണ് .
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- രാസവളങ്ങളുടെ അമിത ഉപയോഗം പ്രതേകിച്ച് പൊട്ടാഷിൻ്റെ അമിത ഉപയോഗം കായപൊട്ടലിന് കാരണമാകും.
- വള്ളികൾ 1 മീറ്റർ വളർന്ന ശേഷം നാമ്പ് നുള്ളി കൊടുക്കുന്നത് കൂടുതൽ പാർശ്വ തലപ്പുകൾ പൊട്ടനും കായ്കളുടെ എണ്ണം കൂട്ടാനും സഹായിക്കും
- കായ്‌കൾ മൂപ്പെത്തുന്ന സമയത്ത് മണ്ണിൽ ജലാംശം വർധിച്ചാൽ കായ്‌കളുടെ ഞെടുപ്പ് പിരിക്കുകവഴി കായപൊട്ടൽ തടയാൻ സാധിക്കും.